യുവജനങ്ങളും വെല്ലുവിളികളും -Young People and Their Issues (BJYT001)
യുവജനങ്ങളും വെല്ലുവിളികളും - Young People and Related Issues (BJYT001)
(By Dr. Edward Edezhath - Parok, Trichur Study Material, 2023)
Current issues of youth - Section 1.
ഇന്നത്തെ യുവജനങ്ങൾ
1. ആരാണ് യുവാക്കൾ?
ആരാണ് യുവാക്കൾ എന്ന ചോദ്യത്തിന് പ്രധാന ഉത്തരം അവരുടെ പ്രായം തന്നെ. എന്നാൽ ഏതു പ്രായത്തിലുള്ളവരാണ് യുവജനങ്ങൾ എന്ന കാര്യത്തിൽ പൂർണമായ അഭിപ്രായ ഐക്യമില്ല. ഇക്കാര്യത്തിൽ കൂടുതലായും പരാമര്ശിക്കപ്പെടുക ഐക്യരാഷ്ട്ര സഭയുടെ (UNO) അഭിപ്രായം തന്നെ. 1985 ഐക്യരാഷ്രസഭ ലോക യുവജന വർഷമായി പ്രഖ്യാപിച്ചു. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നേതൃത്വത്തിൽ കത്തോലിക്കാ സഭയും അത് ആഗോള യുവജന വർഷമായി ആചരിച്ചു. അതിനൊരുക്കമായി 1981 ൽ ആരെയാണ് യുവജനങ്ങൾ എന്ന് വിളിക്കേണ്ടത് എന്നകാര്യത്തിൽ തീരുമാനമുണ്ടായി. അപ്രകാരം 15 നും 24 നും ഇടയിൽ പ്രായമുള്ളവരെയാണ് ഐക്യരാഷ്രസഭ യുവാക്കളായി പരിഗണിക്കുന്നത്. ഈയൊരു കീഴ്‌വഴക്കം ഇന്നും തുടരുന്നു. (Youth. United Nations. https://www.un.org/en/global-issues/youth)
എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ നിർവചനം നമ്മെ പരിമിതപെടുത്തുന്ന രീതിയിൽ നാം സ്വീകരിക്കേണ്ടതില്ല. ഐക്യരാഷ്ട്ര സഭയുടെ തന്നെ മറ്റു വിഭാഗങ്ങൾ യുവാക്കൾ ആരെന്ന കാര്യത്തിൽ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അവർ യുവാക്കൾ ആര് എന്നത് അവരുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നിർവ്വചിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ തന്നെ യുവജന പോളിസി സംവിധാനമായ "പാത്ത്‌വേസ് ഫോർ യൂത്ത്" യുവാക്കളെ മൂന്ന് ഘട്ടങ്ങളിലായി 25 വയസ്സിന് താഴെയുള്ളവരെ നിർവചിക്കുന്നു: ആദ്യകാല കൗമാരം (14 വയസ്സിന് താഴെ), മധ്യ കൗമാരം (15-17), അവസാന കൗമാരം, ആദ്യകാല യൗവനം (18-24). (Definition of Youth. United States | Factsheets | Youthpolicy.org) ഇത് എന്തുകൊണ്ട് എന്നത് യുനെസ്‌കോയുടെ വെബ് പോര്ട്ടലിൽ സൂചിപ്പിക്കുന്നുണ്ട്. ഈ സംഘടനയാണല്ലോ ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പ്രധാനമായും കൈകാര്യം ചെയ്യുന്നത്. "യുവത്വത്തിന്റ അനുഭവം ലോകമെമ്പാടും, വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗണ്യമായി വ്യത്യാസപ്പെടാം. അതിനാൽ, ഞങ്ങൾ 'യുവാക്കളെ' വിവിധ ഇടങ്ങളിൽ വ്യത്യസ്തതയോടെ പരിഗണിക്കാവുന്ന വിഭാഗമായി കണക്കാക്കുന്നു." (https://www.unesco.org/en/youth)
ഇന്ത്യയിൽ ഏതു പ്രായത്തിൽ ഉള്ളവരാണ് യുവാക്കൾ? ഭാരത സർക്കാർ അടുത്തകാലത്തിറക്കിയ യുവജന രേഖ "യൂത്ത് ഇൻ ഇന്ത്യ 2022" ഇത് വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച് 15 നും 29 നും ഇടയിലുള്ളവരെ ദേശീയ സർക്കാർ യുവാക്കളായി കണക്കാക്കുന്നു. (Youth in India 2022. National Statistical Office. Govt. of India. https://www.mospi.gov.in/sites/default/files/publication_reports/Youth_in_India_2022.pdf?download=1 ) ഇന്ത്യയിലെ യുവജനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഈ ഔദ്യോഗിക രേഖ ഏറെ ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ ലഭ്യമാക്കുന്നുണ്ട്.
2. യൂത്ത് ബൾജ് - യുവാക്കളുടെ ജനസംഖ്യാ പ്രാധാന്യം.
800 കോടിയിൽ അധികം വരുന്ന ലോക ജനസംഖ്യയിൽ 16% 15 - 24 പ്രായക്കാരാണ്, അതായത് 120 കോടിയോളം. (UN Population Report 2023: What are the key takeaways for India? https://www.indiatimes.com/explainers/news/un-population-report-2023-599949.html) 142 കോടി പിന്നിട്ട ഇന്ത്യൻ ജനസംഖ്യയിൽ 27.2% യുവാക്കളാണ് (15 – 29 years). (Youth in India 2022, pg. 8.) ഇന്ത്യയിൽ കുട്ടികളടക്കം 25 വയസ്സിനു കീഴെയുള്ളവർ ആകെ ജനസംഖ്യയുടെ 50 ശതമാനമാണ്. 35 വയസ്സിനു താഴെയുള്ളവർ 65 ശതമാനവും. ഇന്ത്യൻ ജനതയുടെ ശരാശരി വയസ്സ് 29 ആണ്. (Youth in India. Wikipedia.) ഇതിന്റ ജനസംഖ്യാപരമായ നേട്ടം ഈ പ്രായഘടനയുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക വളർച്ചയാണ്, പ്രധാനമായും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ ജനസംഖ്യ ആശ്രിതരുടെ എണ്ണത്തേക്കാൾ വലുതായിരിക്കുമ്പോൾ. (Youth in India 2022. Pg. 4.) ലോകത്തിലെ യുവജന ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ത്യയിലായതിനാൽ, 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ ഈ ജനസംഖ്യാനേട്ടം നിർണായക പങ്ക് വഹിക്കും.
3. യുവാക്കളുടെ പ്രാധാന്യവും പ്രത്യേകതകളും
വളർച്ച പ്രാപിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും ലഭ്യമാക്കിയാൽ യുവാക്കൾ സാമൂഹ്യ വികസനത്തിനുള്ള വലിയ ചാലക ശക്തിയായി തീരും. സാമൂഹ്യ മുന്നേറ്റത്തിന് യുവാക്കൾ പ്രവർത്തനോന്മുഖരാകുന്നത് പരമ പ്രധാനമാണ്. കാരണം യുവാക്കൾ:
i) വിമർശനാത്മക ചിന്തയുള്ളവരാണ്: നിലവിലുള്ള അധികാര ഘടനകളെയും മാറ്റത്തിനുള്ള തടസ്സങ്ങളെയും വിശകലനം ചെയ്യാനും, അവയെ വെല്ലുവിളിക്കാനും വൈരുദ്ധ്യങ്ങളും പക്ഷപാതങ്ങളും തുറന്നുകാട്ടാനും യുവാക്കൾക്ക് കഴിവുണ്ട്.
ii) മാറ്റമുണ്ടാക്കുന്നവർ: മറ്റുള്ളവരെ അണിനിരത്താനും പ്രവർത്തിക്കാനും യുവാക്കൾക്ക് കഴിവുണ്ട്. ബന്ധങ്ങൾ വളർത്താനുള്ള സാധ്യതകളും സോഷ്യൽ മീഡിയയിലേക്കുള്ള സാന്നിദ്ധ്യവും വഴി യുവജന ആക്ടിവിസം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
iii) പുതുമയുള്ളവർ: പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരുന്നതിന്, യുവാക്കൾക്ക് പലപ്പോഴും മുതിർന്നവർക്ക് പ്രാപ്യമല്ലാത്ത പ്രശ്നങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവും ഉൾക്കാഴ്ചകളും ഉള്ളവരാണ്.
iv) ആശയ വിനിമയം: പ്രാദേശിക തലത്തിലും രാജ്യങ്ങളിലും പ്രദേശങ്ങളിലും ഉടനീളം തങ്ങളുടെ സമപ്രായക്കാരോടും പൊതു സമൂഹത്തോടും ആശയവിനിമയം നടത്തുന്നതിൽ യുവാക്കൾക്ക് കഴിവുറ്റവരാണ്.
v) നേതൃത്വം: യുവാക്കൾ അവരുടെ അവകാശങ്ങൾ തിരിച്ചറിഞ്ഞു ശാക്തീകരിക്കപ്പെടുകയും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ, അവർക്ക് തങ്ങളുടെ സമൂഹങ്ങളിലും രാജ്യങ്ങളിലും ഏറെ മാറ്റങ്ങൾ വരുത്താൻ കഴിയും. യുവാക്കൾ നയിക്കുന്ന സംഘടനകളും കൂട്ടായ്മകളും പ്രത്യേകം പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും വേണം, കാരണം അവ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട യുവാക്കൾക്കിടയിൽ സാംസ്കാരികവും നേതൃത്വപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വലിയ സംഭാവന നൽകുന്നു.
ഒരു സമൂഹത്തിൽ ഏറെ ഊർജ്ജസ്വലത പ്രകടമാക്കുന്നവർ യുവജനങ്ങൾ തന്നെ. മറ്റൊരു വിധത്തിൽ ഏതൊരു സമൂഹത്തിനും പകിട്ടും ഉന്മേഷവും പകരുന്നതും കാര്യനിർവ്വഹണ ശേഷി നൽകുന്നതും നല്ല ചുറുചുറുക്കുള്ള യുവ ചൈതന്യമാണ്. അങ്ങനെയുള്ള യുവാക്കളും ആ യുവ ചൈതന്യം നിലനിർത്തുന്ന മുതിർന്നവരും ഏതൊരു സമൂഹത്തിന്റെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
യുവജനങ്ങളുടെ ഒരു വലിയ പ്രത്യേകത അവർ സാമൂഹ്യ മാറ്റം ആഗ്രഹിക്കുന്നവരാണ് എന്നതാണ്. മുതിർന്നവർ പൊതുവെ സ്ഥിരതയും തുടർച്ചയും ആഗ്രഹിക്കുമ്പോൾ യുവാക്കൾ മാറ്റങ്ങൾക്കായി അക്ഷമരാകുന്നു. ഈ അഭിവാഞ്ച ക്രിയാത്മകമായി ഉപയോഗിക്കാനാകുന്ന സമൂഹം നല്ല മാറ്റങ്ങളും വളർച്ചയും കൈവരിക്കും.
സാമൂഹിക മാറ്റങ്ങളോടും പ്രത്യേകിച്ച് പ്രവർത്തനോപകാരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും മേഖലകളിലും വരുന്ന വ്യതിയാനങ്ങളോടും ഏറെ പെട്ടെന്ന് അനുരൂപപ്പെടുന്നവരാണ് യുവാക്കൾ. അങ്ങനെ വൈവിധ്യമാർന്ന കഴിവുകൾ പ്രകടമാക്കുന്നവരാണ് അവർ. ഇവ കണ്ടെത്താനും വേണ്ടവിധത്തിൽ ഉപയോഗിക്കാനും അവക്ക് സഹായം വേണ്ടിവരും.
സാഹസികത ഇഷ്ടപ്പെടുന്നവരും വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരുമാണ് യുവാക്കളിൽ വലിയൊരു വിഭാഗം. പലപ്പോഴും ഈ പ്രത്യേകത അവരിൽ പലരെയും അനേക പ്രശ്ങ്ങളിൽ എത്തിക്കാറുണ്ട്. എന്നാൽ ഈ സാഹസികത അവരുടെ വളർച്ചയ്ക്കും സേവനത്തിനുമായി ഉപയുക്തമാക്കുക എന്നതാണ് നല്ല യുവജന സംഘാത പ്രവർത്തനങ്ങളുടെ ലക്‌ഷ്യം.
ഇന്ത്യയിലെ യുവജന ബൾജ് (ജനസംഖ്യയിലെ വർദ്ധിച്ച യുവജന സാന്നിദ്ധ്യം) ലഭ്യമാക്കുന്ന അവസരങ്ങൾ എന്തൊക്കെയാണ്? (State World Population Report and India’s Population. https://blog.forumias.com/state-of-world-population-swp-report-2023-and-indias-population/)
• ജോലി ചെയ്യുന്ന പ്രായത്തിലുള്ള ഒരു വലിയ ജനസംഖ്യ. രാജ്യത്ത് മൂന്നിൽരണ്ടു ഭാഗം 15-64 വയസ്സിനിടയിലുള്ളവരാണ്
• സംരംഭകത്വത്തിനും പുതു തുടക്കങ്ങൾക്കും ഉള്ള വലിയ സാധ്യതകൾ. പുത്തൻ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ ഒക്കെ ആരംഭിക്കാൻ സാധ്യത
• STEM ബിരുദധാരികളുടെ (Sci-Tech-Eng-Math) ഉയർന്ന ശതമാനം. ഭാരതത്തിലെ കൂടുതൽ യുവജങ്ങങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ സാധ്യതയുള്ള ഈ മേഖലകളിലുണ്ട്.
• സ്ത്രീ സമ്പത്ത് - അവരിൽ ഒരു വലിയ വിഭാഗം ഏറെ വിദ്യാഭ്യാസവും കാര്യക്ഷമതയും ഉള്ളവരാണ്.
• നൈപുണ്യ വികസനം: വൈധ്യമാർന്ന കഴിവും താല്പര്യങ്ങളുമുള്ള യുവജനങ്ങൾക്ക് വേണ്ട പരിശീലനം നൽകി ഉയർന്നു വരുന്ന പുതു സാദ്ധ്യതകൾക് വേണ്ടി അവരെ സജ്ജരാക്കാനാകും
4. യുവാക്കൾക്ക് അവർ അർഹിക്കുന്ന ശ്രദ്ധിനൽകിയില്ലെങ്കിൽ.
യുവജനങ്ങൾ ഓരോ കുടുംബത്തിന്റെയും സഭയുടെയും നാടിന്റെയും ഏറ്റവും വലിയ സമ്പത്തും ഭാവി സാധ്യതകളുടെ സൂചനയുമാണ്. ദ്രുത മാറ്റങ്ങൾ ആധുനിക കാലഘട്ടത്തിന്റെ വലിയ പ്രത്യേകതയാണ്. വരാനിരിക്കുന്ന മാറ്റങ്ങളുടെ പ്രവാചകരും മാർഗ്ഗോപദേശകരുമാണ് യുവാക്കൾ. അവരെ കേൾക്കുകയുകയും, അവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും, ആവശ്യം വേണ്ട സഹഗമനം നൽകുകയും ചെയ്യുക മുതിർന്നവരുടെ പ്രത്യേക ഉത്തരവാദിത്വമാണ്.
സഭയിലും സമൂഹത്തിലും ഇപ്രകാരമുള്ള യുവജന പ്രവത്തനം അത്യാവശ്യമാണ്. അതിനായി ആളും അവസരവും അർത്ഥവും മാറ്റിവയ്‌ക്കേണ്ടി വരുകയും ചെയ്യും. അതുണ്ടായില്ലെങ്കിൽ യുവജനങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന മറ്റുള്ളവർ അവരെ അവരോടൊപ്പം കൂട്ടും. അത് പലപ്പോഴും നന്മയുടെ വഴി ആ്ക്ണമെന്നുെന്നുമില്ല. സമൂഹത്തിലെ മറ്റുവിഭാഗങ്ങൾ വലിയ ശ്രദ്ധ കൊടുത്തില്ലെങ്കിലും സഭയിലും സമൂഹത്തിലും തുടർന്നുകൊള്ളും, എന്നാൽ യുവാക്കൾ അങ്ങനെയല്ല. വേണ്ട അവസരങ്ങളും ശ്രദ്ധയും നൽകിയില്ലെങ്കിൽ അവർ സഭയിലും സമൂഹത്തിലും ഉണ്ടാകില്ല.
===============
Current issues of youth – Section 2
ഇന്നത്തെ സാമൂഹ്യ ജീവിതത്തിൽ യുവജനങ്ങൾ ചെലുത്തുന്ന സ്വാധീന ശക്തി ഒന്നു വേറെ തന്നെയാണ് . അവരുടെ ജീവിത സാഹചര്യങ്ങളും മാനസിക പ്രകൃതിയും സ്വന്തം കുടുംബത്തോടുള്ള ബന്ധം തന്നെയും പാടെ മാറിയിട്ടുണ്ട്. പുതിയ സാമൂഹ്യ സാമ്പത്തിക പരിതഃസ്ഥിതികളിലേയ്ക്ക് അതിവേഗം അവർ കുതിച്ചുകൊണ്ടിരിക്കുന്നു. (വത്തിക്കാൻ II - അൽമായ പ്രേഷിതത്വം, 12)
ഇന്നത്ത യുവജന പ്രവണതകൾ?
യുവജനങ്ങളെ മനസിലാക്കുന്നതിനും അവരുടെ സഹയാത്രികരാകുന്നതിനും അവരുടെ ചുറ്റുപാടുകളെയും സമകാലിക യുവജന പ്രവണതകളെയും കുറിച്ച് വളരുന്ന ഒരു ധാരണ ആവശ്യമാണ്. യുവാക്കൾ വിവിധ ഉപവിഭാഗങ്ങളും പ്രാദേശികമായി ഏറെ വ്യത്യസ്തതകൾ ഉള്ളവരും ആണ് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. അതിനാൽ തന്നെ പൊതുവെ യുവജന പ്രവണതകളെ കുറച്ച് പരാമര്ശിക്കുക എളുപ്പമല്ല. മറ്റൊരു പ്രധാന വസ്തുത ദ്രുത മാറ്റങ്ങൾ എങ്ങും പ്രകടമാകുന്ന ഇക്കാലത്ത് ഇവ ഏറ്റവും സ്വാധീനിക്കുന്നത് യുവാക്കളെയാണ്. ഇതിനർത്ഥം യുവജന പ്രവണതകളും ത്വരിതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. ഈ മാറ്റങ്ങളോട് വേണ്ട രീതിയിൽ പ്രതികരിക്കാൻ കഴിയാത്തതു തന്നെയാണ് യുവജന പ്രവർത്തനങ്ങളും സംഘടനകളും കാര്യക്ഷമമല്ലാതായിത്തീരുന്നതിനുള്ള പ്രധാന കാരണം.
1. സുഹൃദ്‌വലയങ്ങളും യുവജന സംഘങ്ങളും
യുവാക്കൾക്ക് സ്നേഹബന്ധങ്ങളും കൂട്ടായ്മകളും ഏറെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ യുവജന പ്രവണതകളെ പറ്റി ചിന്തിക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് അവർ ഒത്തുചേരുന്ന രീതികളെക്കുറിച്ചാണ്. യുവജന സംഘങ്ങൾ സഹായകമായവയും വിനാശകരമായവയും ആകാം. വ്യക്തിയുടെ വളർച്ചയ്ക്കും സമൂഹ നന്മയ്ക് ഉപകരിക്കുന്നവയുമായ സംഘങ്ങളും മറിച്ച് വ്യക്തിക്കും സമൂഹത്തിനും ദോഷകരമായ സംഘടനകളും അവരെ ആകർഷിക്കും.
സംഘങ്ങളിലേയ്ക്ക് യുവാക്കളെ ആകർഷിക്കുന്ന കാര്യങ്ങളും ഒപ്പം സംഘങ്ങളിലേയ്ക്ക് അവരെ ഉന്തിവിടുന്ന ഘടകങ്ങളും ഉണ്ടാകും. (push & pull factors). (National Gang Center. https://nationalgangcenter.ojp.gov/spt/Risk-Factors)
സംഘടനകൾ യുവാക്കളെ ആകർഷിക്കുന്ന/ വലിച്ചടുപ്പിക്കുന്ന സവിശേഷതകൾ പലതാണ്:
o അംഗീകാരം/ മാന്യത - തങ്ങൾക്ക് കൂടുതലായി ലഭിക്കാവുന്ന പ്രശസ്തി സാമൂഹിക പദവി എന്നിവയെ സംബന്ധിച്ച ധാരണ,
o ബന്ധങ്ങൾ, കൂട്ടുകെട്ട് - സംഘത്തിൽ ചേർന്നാൽ കൂടുതൽ സുഹൃത്തുക്കളെ ലഭിക്കും എന്ന ചിന്ത. അപ്രകാരമുള്ള കൂട്ടുകെട്ടിൽ ആയിരിക്കാനുള്ള ആഗ്രഹം,
o ലഭിക്കുന്ന കാര്യങ്ങൾ / ലാഭ പ്രതീക്ഷകൾ - പണം, മയക്കുമരുന്ന്, കൂടാതെ/അല്ലെങ്കിൽ ആവേശം, ഒപ്പം
o അഭിമാനിക്കാവുന്ന രീതികൾ, രസകരമായ യുവജന സംസ്കാരം - സാംസ്കാരിക അഭിമാനം, അയൽപക്കത്തെ തിരിച്ചറിയൽ.
o സുരക്ഷിതത്വം - ചിലപ്പോൾ മറ്റുള്ളവരുടെ ഭീഷണി, ശല്യം എന്നിവയിൽ നിന്ന് എന്റെ കൂട്ടുകെട്ട് സംരക്ഷിക്കും എന്ന ചിന്ത (ഒരു ഗ്രൂപ്പിൽ ചേർന്നില്ലങ്കിലുള്ള അനന്തരഫലങ്ങളെ ഭയക്കുന്നതും ഗ്രൂപ്പിൽ ചേരുന്നതിനു കാരണമായി തീരാം)
പ്രശ്നകലുഷിതമായ കൂട്ടുകെട്ടുകളിലേയ്ക്കും സംഘങ്ങളിലേയ്ക്കും (ഗ്യാങ്ങുകൾ) യുവാക്കളെ ഉന്തിവിടുന്ന കാര്യങ്ങളിൽ സംഘർഷം നിറഞ്ഞ ആന്തരീക്ഷം, ബന്ധങ്ങളുടെ അഭാവം, അവഗണന/ തിരസ്കരണം, വിരസമായ ചുറ്റുപാടുകൾ, പ്രതീക്ഷ നൽകുന്ന കാഴ്ചപ്പാടിന്റെ അഭാവം തുടങ്ങിയവ പ്രധാനപ്പെട്ടതാണ്. ഈ യുവജന അപായ സാദ്ധ്യതകളെ വീണ്ടും കുടുംബ സംബന്ധമായവ, വ്യക്തിയെഗതം, വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളവ, കൂട്ടുകെട്ടുകൾ, സാമുദായികം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്.
പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം ഒരു യുവതിയോ യുവാവോ നല്ലതോ മോശമോ ആയ ഒരു സംഘത്തിന്റെ ഭാഗമാകുന്നത് പടിപടിയായാണ്. ഔപചാരികമോ അനൗപചാരികമോ ആയ ഒരു പ്രക്രിയയിലൂടെയാണ് യുവാക്കൾ ഒരു സംഘത്തിൽ ചേരുന്നത്. യുവാക്കളെയും അവരുടെ മാനസിക, സാമൂഹിക പശ്ചാത്തലങ്ങളെയും അടുത്തറിയുന്നതിന് ആ യുവാവോ യുവതിയോ അഭിമുഖീകരിക്കുന്ന ഘടകങ്ങൾ - ഒരു സമൂഹത്തിൽ നിന്ന് പുറത്തേയ്ക്ക് ഉന്തിവിടുന്നതും, മറ്റു സമൂഹങ്ങളിലേയ്ക്ക് ആകര്ഷിക്കുന്നതുമായ ഘടകങ്ങൾ - മനസിലാക്കേണ്ടതുണ്ട്.
2. ഭാവി സുരക്ഷിതത്വവും നൈപുണ്യ വളർച്ചയും
ആഗോള സാമ്പത്തിക ഫോറം (2018) സർവേയുടെ വിഷയം "ഇന്ത്യൻ യുവാക്കൾ ജീവിതത്തിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത്?" എന്നതായിരുന്നു. അതിലെ കണ്ടെത്തലുകൾ താഴെപറയുന്നവയായിരുന്നു.
1. ഇന്ത്യൻ യുവാക്കൾ സ്വതന്ത്രരും ശുഭാപ്തിവിശ്വാസമുള്ളവരും മാറുന്ന തൊഴിൽ വിപണിയിലേക്ക് തുറവി ഉള്ളവരുമാണ്.
2. ഇന്ത്യൻ യുവാക്കൾ കൂടുതൽ മാർഗനിർദേശവും തൊഴിൽ കൗൺസിലിംഗും ആഗ്രഹിക്കുന്നു
3. ഇന്ത്യൻ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും താൽപ്പര്യമുണ്ട്
4. നൈപുണ്യ വിടവ് നികത്താൻ സ്വകാര്യമേഖലയെ കൂടുതലായി അവർ ആശ്രയിക്കുന്നു.
5. ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക മാനദണ്ഡങ്ങൾ കൂടുതൽ അവരെ അസ്വസ്ഥരാക്കുന്നു (ഒരു ജോലി അന്വേഷിക്കുമ്പോൾ അവരുടെ വൈവാഹിക നില, ലിംഗഭേദം, പ്രായം, കുടുംബ പശ്ചാത്തലം എന്നിവ ഒരു പ്രധാന തടസ്സമാണെന്ന് യുവാക്കൾ കരുതുന്നു.)
6. ഫലപ്രദമായ തൊഴിൽ അന്വേഷണത്തിൽ സോഷ്യൽ മീഡിയയും ഇന്റർനെറ്റും വലിയ പങ്ക് വഹിക്കുന്നു.
3. സാങ്കേതിക വിദ്യയും സാമൂഹ്യ മാധ്യമങ്ങളും
ഇന്റർനെറ്റ്, മൊബൈൽ ഫോണുകൾ, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ എന്നിവയെല്ലാം ഇന്ന് യുവജനങ്ങളുടെ ജീവിതത്തിലെ അവിഭാജ്യ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പരസ്പരം ബന്ധപ്പെടാൻ, അറിവുനേടാൻ, വിനോദ ഉപാധിയായി ഒക്കെ ഇവ വിവിധ രീതിയിൽ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കുന്നു. മാധ്യമ സ്വാധീനത്തിന്റെ യഥാർത്ഥ ചിത്രം അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എങ്കിലും ഓരോ കാലഘട്ടങ്ങളിലും ഏത് മാധ്യമങ്ങൾ ഏറ്റം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു അവയെ ജനങ്ങൾ പ്രത്യേകിച്ച് യുവാക്കൾ ഏതു രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്ന് അന്വേഷിക്കുന്നത് യുവാക്കളെയും അവരുടെ താല്പര്യങ്ങളെയും അടുത്തറിയുന്നതിന് സഹായിക്കും.
2023-ലെ ഇൻറർനെറ്റ്, മൊബൈൽ ഉപയോക്തൃ സ്ഥിതിവിവരക്കണക്കുകൾ (India Social Media Statistics 2023. https://www.theglobalstatistics.com/india-social-media-statistics/)
രാജ്യത്തെ ആകെ ജനസംഖ്യ 142 കോടി
സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾ – 69.2 കോടി
മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ – 62.7 കോടി
ഇൻറർനെറ്റ് ഉപയോഗിക്കുന്ന ദൈനംദിന ശരാശരി സമയം - 6 മണിക്കൂർ 23 മിനിറ്റ്
മൊബൈൽ ഉപകരണങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന പ്രതിദിന ശരാശരി സമയം - 3 മണി 55 മിനിറ്റ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ 2023
പ്ലാറ്റ്‌ഫോം ഉപയോക്താക്കൾ % (ദശലക്ഷത്തിൽ)
ഇൻസ്റ്റാഗ്രാം 74.70% 516.92
ഫേസ്ബുക്ക് 71.20% 492.70
ട്വിറ്റർ 42.90% 296.87
ലിങ്ക്ഡ്ഇൻ 35.70% 247.04
മോജ് 29.50% 204.14
പിന്ററസ്റ്റ് 29.00% 200.68
മോജ് ലൈറ്റ് 26.20% 181.30
ടിക് ടോക്ക് 21.40% 148.09
സ്കൈപ്പ് 20.30% 140.48
ഹെലോ 19.40% 134.25
ഇന്ത്യയിൽ, 74.70% ഇന്റർനെറ്റ് ഉപയോക്താക്കളുമായി 2023-ൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റാഗ്രാം. ഇന്ത്യയിലെ സജീവ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ എണ്ണം 516.92 ദശലക്ഷമാണ്.
ഇന്ത്യയിലെ ജനപ്രിയ മെസഞ്ചർ ആപ്പുകൾ 2023
ആപ്പുകൾ - ഉപയോക്താക്കൾ % (ദശലക്ഷത്തിൽ)
വാട്ട്‌സ്ആപ്പ് 76.80% 531.46
ടെലിഗ്രാം 55.50% 384.06
എഫ്-ബീ മെസഞ്ചർ. 49.70% 343.92
സ്നാപ്പ് ചാറ്റ് 45.50% 314.86
ഷെയർചാറ്റ് 28.10% 194.45
ട്വിച്ച് 15.90% 110.03
വീ ചാറ്റ് 9.40% 65.05
ഏകദേശം 531.46 സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസഞ്ചർ ആപ്പാണ് വാട്ട്‌സ്ആപ്പ്. മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന് രാജ്യത്തെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ 76.80% ഉണ്ട്.
===================================
Current issues of youth – Section 3.
യുവജന ആശ - നിരാശകൾ
യുവാക്കളും കുടിയേറ്റവും
കുടിയേറ്റവും അതുമായി ബന്ധപ്പെട്ട സാദ്ധ്യതകളും വെല്ലുവിളികളും ഇന്ന് ഏറെ ചർച്ചാ വിഷയമാകുന്നു. യുവജന പ്രതീക്ഷയിലും അവരുടെ ഭാവി പദ്ധതികൾ രൂപീകരിക്കുന്നതിലും കുടിയേറ്റം തന്നെയാണ് ഏറ്റം പ്രധാന വിഷയം.
2022 ഓഗസ്റ്റിൽ പാർലമെന്റിൽ വിദേശകാര്യ മന്ത്രാലയം പങ്കിട്ട ഡാറ്റ അനുസരിച്ച്, 2019 നും 2022 നും ഇടയിൽ വിദ്യാഭ്യാസത്തിനായി വിദേശയാത്ര നടത്തിയ ഇന്ത്യക്കാർ 228 രാജ്യങ്ങളിലും ആശ്രിത ദ്വീപുകളിലും എത്തി. (Nirmal Jovial. Why more and more Indian students are going abroad? https://www.theweek.in/theweek/specials/2023/03/18/traps-in-student-migration-causes-challenges.html)
ഫെബ്രുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ ലോക്‌സഭയിൽ പങ്കുവച്ച കണക്കുകൾ പ്രകാരം 2017 മുതൽ 30.13 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. 2022ൽ മാത്രം 7.5 ലക്ഷം വിദ്യാർത്ഥികൾ പോയി - 2021 നെ അപേക്ഷിച്ച് 69 ശതമാനം വർധന. 2019-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ള കണക്കിൽ നിന്ന് 28 ശതമാനം വർദ്ധനവും.
ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ചെലവഴിക്കുന്നത് - പ്രധാനമായും ട്യൂഷൻ, എൻറോൾമെന്റ്, ജീവിതച്ചെലവ് എന്നിവയ്ക്കായി - 2024-ഓടെ 75 ബില്യൺ ഡോളറിലധികം (6 ലക്ഷം കോടിയിലധികം) വരും. മിക്ക ഇന്ത്യൻ വിദ്യാർത്ഥികളും യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിങ്ങനെ യുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നു.. ജർമ്മനിയും ഫ്രാൻസും സമീപ വർഷങ്ങളിൽ പ്രിയപ്പെട്ട സ്ഥലങ്ങളായി മാറിയിരിക്കുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, 2018-ൽ കേരളത്തിൽ നിന്നുള്ള 2.1 ദശലക്ഷം കുടിയേറ്റക്കാർ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. സംസ്ഥാന ആഭ്യന്തര ഉൽപന്നത്തിന്റെ 36.3% പ്രവാസികളാണ് സംഭാവന ചെയ്യുന്നത്. മൂന്ന് യുവാക്കളിൽ രണ്ടുപേരും ജോലിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഭാവിയിൽ വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു പഠനം കണ്ടെത്തി. യൂണിയൻ ഓഫ് കാത്തലിക് ഏഷ്യാ ന്യൂസിന്റെ (UCAN) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കേരളം സഭയിലെ 20-32 വയസ്സിനിടയിലുള്ള യുവാക്കളിൽ മുക്കാൽ ഭാഗവും കേരളത്തിനു പുറത്താണ്. ഈ പ്രവണത തുടരുകയാണെങ്കിൽ, സഭയുടെ ഭാവി ഇരുളടഞ്ഞതാണ്, കാരണം പുറത്തേയ്ക്കു പോകാതെ കേരളത്തിൽ തുടരുന്നവരിൽ നല്ലൊരു വിഭാഗം കൂടുതൽ പ്രായമായവരും തൊഴിലില്ലാത്തവരും ആയിരിക്കും. (Kandathil Sebastian. Emerging Patterns of Youth Migration – the Curious Case of Kerala and What Needs to be Done. https://countercurrents.org/2022/09/emerging-patterns-of-youth-migration-the-curious-case-of-kerala-and-what-needs-to-be-done/)
യുവാക്കളും വൈവാഹിക ജീവിതവും
ഇന്ത്യൻ യുവാക്കൾ വിവാഹം ഉപേക്ഷിക്കുകയാണോ?
(Bijayani Mishra. Wedding Woes: Are Indian Youngsters Giving Up On Marriage? https://www.outlookindia.com/national/are-indian-youngsters-giving-up-on-marriage--news-209792)
സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ വിവാഹങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ചില സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്തി. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവ്. യുവാക്കളിൽ ഒരു വിഭാഗം അവരുടെ വിവാഹം വൈകിപ്പിക്കുന്നു, അവരിൽ ചിലർ വിവാഹം വേണ്ടെന്ന് തീരുമാനിക്കുന്നു. വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്.
നമ്മുടെ രാജ്യത്ത് 'അവിവാഹിതരായ യുവാക്കളുടെ' അനുപാതം വർദ്ധിക്കുന്നതിനുള്ള ഇനിപ്പറയുന്ന കാരണങ്ങൾ ഉണ്ടത്രേ:
- സാമ്പത്തിക അസ്ഥിരത നിലവിലെ യുവാക്കളെ വേട്ടയാടുന്നു
- ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന്റെ (മാച്ച് മേക്കിംഗിന്റെ) രീതികൾ മാറ്റുന്നു - ലഭ്യമായ മാട്രിമോണിയൽ മീഡിയ യുവാക്കളെ കൂടുതൽ വിശാലമായ തെരഞ്ഞെടുപ്പ് അനുവദിക്കുന്നു - ഈ വിശാലമായ തിരയൽ പലപ്പോഴും അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നു
- തിരഞ്ഞെടുക്കുമ്പോൾ മതവും ജാതിയും ഒരു പങ്കു വഹിക്കുന്നു
- വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള 'മനോഭാവത്തിലെ മാറ്റം' - പലരും 'ഒറ്റയാൻ' ഒരൊറ്റ ജീവിതശൈലി കൂടുതൽ സൗകര്യപ്രദവും ആധുനികവുമാണെന്ന് കരുതുന്നു.
- ശാരീരികവും വൈകാരികവുമായ പൊരുത്തമുള്ള ശരിയായ പങ്കാളിയെ കണ്ടെത്തുന്നതിന് പലരും ബുദ്ധിമുട്ടുന്നു
ഒരു കാര്യം വ്യക്തമാണ്, യുവാക്കൾ വിവാഹിതരാകുന്ന പ്രായം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അവരിൽ പലരും വിവാഹം വൈകുകയോ മടി കാണിക്കുകയോ ചെയ്യുന്നു.
അപകട സാധ്യതകൾ
യുവാക്കളുടെ ആത്മഹത്യ
2021-ൽ, 1,64,033 ഇന്ത്യക്കാർ ആത്മഹത്യ ചെയ്തു, ദേശീയ ആത്മഹത്യാ നിരക്ക് 12 ആയിരുന്നു (ഒരു ലക്ഷത്തിൽ ആണ് ഇത് കണക്കാക്കുന്നത്), ഇത് 1967 ന് ശേഷമുള്ള ആത്മഹത്യകളിൽ നിന്നുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ്, ഈ ഡാറ്റയുടെ ആദ്യകാല രേഖപ്പെടുത്തിയ വർഷമാണിത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ ആത്മഹത്യ ഉയർന്നുവരുന്നതും ഗുരുതരമായതുമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഇങ്ങനെ ജീവൻദോടുക്കുന്നവരിൽ വലിയൊരു വിഭാഗം ചെറുപ്പക്കാരാണ്. (ഇന്ത്യയിലെ ആത്മഹത്യ - വിക്കിപീഡിയ)
റോഡപകടങ്ങൾ
മറ്റൊരു പ്രധാന മേഖലയാണ് റോഡപകടങ്ങൾ. 2021-ൽ ഇന്ത്യയിലുടനീളമുള്ള റോഡപകടങ്ങളിൽ 1.55 ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെട്ടു - പ്രതിദിനം ശരാശരി 426 അല്ലെങ്കിൽ ഓരോ മണിക്കൂറിലും 18 - ഇത് ഇതുവരെയുള്ള വർഷത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്. മരണങ്ങൾ കൂടാതെ, രാജ്യത്തുടനീളമുള്ള 4.03 ലക്ഷം 'റോഡ് അപകടങ്ങളിൽ' 3.71 ലക്ഷം പേർക്ക് പരിക്കേറ്റു. (Accidents Killed 1.55 Lakh In India In 2021, Highest Ever: Report https://www.ndtv.com/india-news/1-55-lakh-people-died-in-road-crashes-in-india-in-2021-highest-so-far-report-3314598)
ജീവിതശൈലീ രോഗങ്ങൾ
പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാംക്രമികേതര രോഗങ്ങൾ 18 വയസ്സിനുശേഷം വർദ്ധിക്കുകയും 35 വയസ്സ് കടക്കുമ്പോൾ ഒരു കുതിച്ചുചാട്ടം കാണിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം, ദഹനസംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയാണ് ഏറ്റവും പ്രചാരത്തിലുള്ള മൂന്ന് സാംക്രമികേതര രോഗങ്ങൾ. (Lifestyle disorders growing in India. https://www.newindianexpress.com/nation/2021/jul/24/lifestyle-disorders-growing-in-india-prevalent-among-35-age-group-2334614.html)
മദ്യം, മയക്കുമരുന്ന് ദുരുപയോഗം
ഇന്ത്യയിൽ 10-നും 17-നും ഇടയിൽ പ്രായമുള്ള 15.8 ദശലക്ഷം കുട്ടികൾ ലഹരിക്ക് അടിമകളാണ്. ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ലഹരിയാണ് മദ്യം. ഏകദേശം 14.6% മദ്യം ഉപയോഗിക്കുന്നു. മദ്യം കഴിഞ്ഞാൽ കഞ്ചാവും ഒപിയോയിഡുകളുമാണ് സാധാരണയായി ഉപയോഗിക്കുന്ന ലഹരി പദാർത്ഥങ്ങൾ. ഏകദേശം 2.8% (3.1 കോടി) ഇത് ഉപയോഗിക്കുന്നു. രാജ്യത്തെ 2.1% പേർ (2.26 കോടി) കറുപ്പ് ഉൾപ്പെടെയുള്ള ഒപിയോയിഡുകൾ ഉപയോഗിച്ചു. വലിയൊരു വിഭാഗം സെഡിറ്റീവുകളും ഇൻഹേലന്റുകളും ഉപയോഗിക്കുന്നു. (Magnitude of Substance Abuse in India. Ministry of Social Justice, Govt. of India. https://static.pib.gov.in/WriteReadData/userfiles/Exec-Sum_For%20Media.pdf)
ഇന്നത്തെ യുവാക്കളുടെ മറ്റു വെല്ലുവിളികൾ
വ്യക്തിയുടെ പ്രാധാന്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. വ്യക്തിയുടെ പ്രാധാന്യത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കാര്യങ്ങൾ യുവാക്കളെ ഏറെ അസ്വസ്ഥരാക്കുന്നു.
1. സമൂഹം കെട്ടിപ്പടുത്ത നിരവധി അടിത്തറകൾ ഒന്നുകിൽ വികലമാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ഇളകാത്ത അടിത്തറയായി കരുതപ്പെട്ടിരുന്ന ഭരണ സംവിധാനങ്ങൾ, കോടതി, ധാർമ്മിക അധികാരങ്ങൾ, സഭ എന്നിവയെല്ലാം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു
2. വിശ്വാസ്യതയുടെ (trust) തകർച്ച വ്യാപകമാണ്; സാമ്പത്തിക സംവിധാനങ്ങളുടെ തകർച്ച. ചോദ്യം ചെയ്യപ്പെടുന്ന അധികാരങ്ങൾ - അധികാരികൾ പൊതുനന്മയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന ചിന്ത.
3. സമൂലമായ ആത്മനിഷ്ഠത (radical subjectivism) - സാർവത്രിക ധാർമ്മിക തത്വങ്ങളിൽ വിശ്വസിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ട് - ആപേക്ഷികവാദം, ഞാൻ വിശ്വസിക്കുന്നത് >> വസ്തുനിഷ്ഠതയില്ല, സാർവത്രികവാദം
4. മീഡിയ - ടെക്‌നോളജി എന്നിവയുടെ അധിക സ്വാധീനം - ഓൺലൈനിന്റെയും യഥാർത്ഥ ജീവിതത്തിന്റെയും അതിരുകൾ മങ്ങിയിരിക്കുന്നു. എന്റെ മാധ്യമ ഇമേജ് ഏറെ പ്രധാനപ്പെട്ടതായിരിക്കുന്നു. ഒരു സെൽഫി സംസ്കാരവും ഓൺലൈൻ 'ലൈക്ക്' തേടുന്ന രീതിയും വർദ്ധിക്കുന്നു.
ഇന്നത്തെ യുവത്വത്തിന്റെ ഗുണവശങ്ങൾ
ഇന്നത്തെ യുവജന നല്ല വശങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് ഇന്നത്തെ ചെറുപ്പം പ്രധാനമായും ആഴത്തിനും അർത്ഥത്തിനുമായി തിരയുന്നു; മിക്കവാറും അധികാരത്തിനും പണത്തിനും വേണ്ടി പരക്കം പായുന്നില്ല.
i. കാര്യങ്ങളുടെ പൊരുൾ തേടുന്ന രീതി, പൊതുവെ തുറവിയുള്ള മനസ്സ്
ii. ഗഹനമായ കാര്യങ്ങളോടുള്ള താല്പര്യം. അവർക്ക് ഹ്രസ്വമായ ശ്രദ്ധയേ ഉള്ളൂ എന്ന് പറയാറുണ്ടെങ്കിലും നീണ്ട പോഡ്കാസ്റ്റുകൾ, ആഴത്തിലുള്ള പഠനങ്ങൾ, നല്ല വിചിന്തനങ്ങൾ ഒക്കെ അവർക്ക് താല്പര്യമാണ്.
iii. പലർക്കും പരമ്പരാഗത കാര്യങ്ങളോട് താല്പര്യം. ആധുനിക യുവത്വം മൈൻഡ്ഫുൽനെസ്, വീഗൻ, ആരോഗ്യകരമായ ഉപവാസം, ചരിത്ര പഠനം തുടങ്ങിയവയിലെല്ലാം താല്പര്യമെടുക്കുന്നു.
iv . സേവനത്തിനായുള്ള അത്യുത്സാഹം. അത് നാം പ്രളയകാലത്ത് കണ്ടു.
v. പുതിയ തരം ധാർമ്മികത - അത്തരം വിഷമിക്കുന്നവരോടുള്ള പക്ഷം ചേരൽ #മീടൂ പ്രസ്ഥാനങ്ങൾ, ട്രാൻസ്‌ജെൻഡർ വിഷയങ്ങളിലെ താല്പര്യം, പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള പ്രതിപദ്ധത എന്നിവിടങ്ങളിലെല്ലാം കാണാം.
vi. ക്രിസ്ത്യൻ മൂല്യങ്ങൾ മതേതര സമൂഹത്തിൽ - സത്യം, നീതി, ലാളിത്യം, സ്നേഹം എന്നിവ അദ്ധ്യാത്മീകം എന്ന് പറയാതെ പൊതു സമൂഹത്തിൽ നടപ്പിൽ വരുത്താൻ അവർ ഉല്സുകരാണ്
vii. യഥാർത്ഥ ജീവിത സാക്ഷ്യം കാണുമ്പോൾ ഇന്നത്തെ യുവത്വം അതിനെ പിൻചെല്ലാറുണ്ട്.
=======================

Comments
Post a Comment